Thursday, March 14, 2013

സമ്പാദ്യം


ഇടവഴിയില്‍ എന്നും കാണുന്ന അമ്പതിനോടടുത്തു പ്രായം തോന്നിക്കുന്ന 

ആ മനുഷ്യനെ അടുത്തുവന്നാല്‍ വല്ലാത്തൊരു ദുര്‍ഗന്ധമാണ് ....നീട്ടി 
വളര്‍ത്തിയ വെളുപ്പും കലര്‍ന്ന മുടിയും താടിയും ....അഴുക്ക് പുരണ്ട 
വസ്ത്രങ്ങള്‍ ......എന്നാല്‍ ആ മിഴികളില്‍ 
നക്ഷത്രത്തിളക്കമായിരുന്നു......ആ മനുഷ്യന്റെ അധരങ്ങളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന മൊഴി മുത്തുകള്‍ക്ക് ചന്ദനത്തിന്റെ
സുഗന്ധമായിരുന്നു.... ആ സുഗന്ധം അനുഭവിക്കാന്‍ വേണ്ടി മാത്രം ഞാന്‍
അദേഹത്തെ ഇടവഴിയില്‍ കാത്തുനില്‍ക്കുക പതിവാക്കി....
ആ മനസ്സിനോട് ഒരുപാട് അടുത്തുപോയി ...ഒരിക്കല്‍ പോലും
കാണാതിരിക്കാന്‍ ആകാത്തവിധം ഒരു ആത്മബന്ധം
ഉടലെടുത്തിരിക്കുന്നു.....കാത്തിരുന്നു മുഷിഞ്ഞ ദിവസം ഒരു ശുഭ

വസ്ത്രധാരി അറിയിച്ചു ആ നക്ഷത്രകണ്ണുകളും സുഗന്ധമൊഴിയും
അഗ്നിയ്ക്ക് ആഹാരമായെന്നു .......കത്തിത്തീര്‍ന്നിട്ടു ഒരു രാത്രി പിന്നിട്ട
ആ ചാരക്കൂമ്പാരത്തിനരികെ നില്‍ക്കുമ്പോള്‍ മിഴികളില്‍ നിന്നും അടങ്ങു
വീണ മിഴിനീര്‍ മുത്ത്‌ ആ ചാരത്തിലലിഞ്ഞു.....അപ്പോള്‍ ഒരു ചെറുകാറ്റ്‌
വീശി പതിയെ ഒരു അശരീരി കാതില്‍ ഒരു സ്വകാര്യം പോലെ മന്ത്രിച്ചു ..
ഈ ചാരക്കൂമ്പാരത്തില്‍ ഞാന്‍ ഉറങ്ങുമ്പോള്‍ എന്നോട് ചേര്‍ന്നലിയാന്‍
ഒരു തുള്ളി കണ്ണുനീര്‍ അതാണ്‌ കുഞ്ഞേ ഈ കാലമത്രയും ഞാന്‍
തേടിയലഞ്ഞ നിധി ......അവസാനമായി എന്നെ പിന്തുടരുന്ന ഏക
സമ്പാദ്യം....നീ അതെനിക്ക് സമ്മാനിച്ചിരിക്കുന്നു .......!!!