Sunday, August 25, 2013

ആത്മമുദ്ര



അന്ന് സെമിത്തേരിയില്‍ കുഴിമാടത്തില്‍ 
കിളിര്‍ത്ത പുല്ലുകള്‍ 
പറിച്ചു കളയുകയായിരുന്നു അവള്‍ 
മാസത്തില്‍ ഒരിക്കല്‍ 
കാടുപിടിച്ചു കിടക്കുന്ന കുഴിമാടങ്ങള്‍ 
പുല്ലുപറിച്ചു 
വൃത്തിയാക്കി ഇടണമെന്ന് 
വികരിയച്ചനാണ് അവളോട്‌ പറഞ്ഞത്
അവള്‍ക്കു അത് ചെയ്യാന്‍
സന്തോഷവുമായിരുന്നു അമ്മച്ചി പറഞ്ഞു
കേട്ടിട്ടുണ്ട്
മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന്
കൂട്ടുകാരികള്‍ക്ക്
സെമിത്തേരിയില്‍ വരാന്‍ പേടിയാണ്
പക്ഷെ അവള്‍ക്കത് വളരെ സന്തോഷമാണ്
അവള്‍ തനിയെ പതിഞ്ഞ സ്വരത്തില്‍
സംസാരിച്ചു കൊണ്ടിരുന്നു
അവള്‍ ഒരു പുതിയ കുഴിമാടത്തിന്റെ
അരികിലെത്തി

ഉണങ്ങിതുടങ്ങിയ പൂക്കള്‍
എല്ലാം നീക്കി
പടര്‍ന്നു കയറിയ പുല്ലിനെ
പിഴുതു മാറ്റാനായ്‌ പറിച്ചു.ഇല്ല കിട്ടുന്നില്ല
അധികം ഉറയ്ക്കാത്ത
ആ മണ്ണില്‍ വളരെ ആഴത്തില്‍ ആ പുല്‍ക്കൊടി
വേരൂന്നിയിരിക്കുന്നു
അവള്‍ കുറച്ചു ശക്തിയോടെ വലിച്ചു അതിന്റെ
ഒരു തുമ്പ് മാത്രം
അവളുടെ കയ്യില്‍ കിട്ടി അതില്‍ നിന്നും
ഇറ്റുവീണ രക്ത തുള്ളികള്‍
കണ്ടു അവള്‍ ഭയപ്പെട്ടു
പിന്നോട്ട് മാറി
തന്റെ കയ്യില്‍ ഇരുന്നു വിറയ്ക്കുന്ന പുല്‍നാമ്പ്
അവള്‍ പേടിയോടെ
കുഴിമാടതിലെയ്ക്ക് ഇട്ടു

അവളുടെ മിഴികള്‍ കുരിശില്‍ എഴുതി വച്ചിരിക്കുന്ന
പേരിലും തീയതിയിലും ഉടക്കി
സാന്ദ്ര സാമുവല്‍ ഇരുപത്തിയേഴ് വയസ്സ് .

പേരിനു അടിയില്‍ കണ്ട ഫോട്ടോ കണ്ടു അവള്‍ ഞെട്ടി 
ഒരുമാസം ആകുന്നു ആ കുഴിമാടതിലെയ്ക്ക് അവള്‍ വിരുന്നുകാരിയായിട്ടു 
അവളുടെ ശരീരമാകെ കുളിര്‍ന്നു
പേടിയോടും അത്ഭുതതോടും കൂടെ
അവള്‍ തന്റെ കണ്ണുകളെ
വിശ്വസിക്കനാകാതെ നിന്ന് കിതച്ചു
വളരെ പതിയെ ഒരു തെന്നല്‍ തന്നെ
തഴുകുന്നതായി അവള്‍ക്കു തോന്നി
മിഴികള്‍ താനേ അടഞ്ഞുപോകുന്നു
ശരീരം തളരുന്നപോലെ അവള്‍ പതുക്കെ
കുഴിമാടതിനരികെ ഇരുന്നു
അഗാധത്തിലേയ്ക്ക് ആഴ്ന്നു പോകുന്ന
മിഴികളില്‍ മഞ്ഞിന്‍ മറ നീക്കി
വെള്ളപ്പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുന്ന
പൂന്തോട്ടത്തില്‍ തൂമഞ്ഞു തോല്‍ക്കും
വസ്ത്രമണിഞ്ഞ് മാലാഖമാരുടെ
അകമ്പടിയോടെ കയ്യില്‍ ഒരു
പിടി വെള്ള റോസപ്പൂക്കളുമായി
അവള്‍ ആനയിക്കപ്പെട്ടു
പള്ളിമണികള്‍ ഇടവിടാതെ മുഴങ്ങിക്കൊണ്ടിരുന്നു
ഒരു മയക്കത്തിലെയ്ക്ക്
അവള്‍ അലിഞ്ഞുപോയി !!

Saturday, August 24, 2013

വിസ്മയം

പച്ചിലക്കുലകള്‍ക്കിടയില്‍ 
ഇരുന്നൊരു മഞ്ഞയില 
വിടപറയാന്‍ കഴിയാതെ 
വിഷമിച്ചോരിലയെ
തഴുകി കൂടെ കൊണ്ടുപോയി 
ഒരു തെമ്മാടിക്കാറ്റ്‌ 


ഒരു മണല്‍ത്തരിയുടെ 
പ്രണയത്തില്‍ 
കൊഴിഞ്ഞുകൊണ്ടിരിക്കുന്നൊരു 
പനിനീര്‍പ്പൂവ്

മണ്ണിനെ തൊടാന്‍
മടിയുള്ള
ഇലകള്‍ക്കും പൂക്കള്‍ക്കും
മണ്ണിന്‍റെ മാറില്‍ വിശ്രമം

വിണ്ണില്‍ നിന്നും
ഭൂമിയെ പ്രണയിച്ചു
മഴത്തുള്ളിയ്ക്കൊപ്പം
ഒളിച്ചോടിയ മേഘങ്ങള്‍
ധരണിയുടെ മിഴികളില്‍
കണ്ടതും വിണ്ണിനെ തന്നെ

നിലാവിനായ്‌ മാത്രം
ജാലകവാതില്‍
പാതിതുറന്നൊരു നിശാഗന്ധി

വെയിലിന്‍റെ വര്‍ണ്ണങ്ങള്‍ ചാലിച്ച്
അരുണന്‍ എഴുതുന്നു
നിഴല്‍ച്ചിത്രം

Sunday, August 4, 2013

സ്നേഹപൂര്‍വ്വം

ഈ ജീവിതയാത്രയില്‍ സഹയാത്രക്കാരായവരെ ,
ഇടയ്ക്ക് വച്ച് മരണത്ത കൂടെക്കൂട്ടിയവരെ ,
ഒരിക്കലും മറക്കാനാകാത്ത മയില്‍പ്പീലി സമ്മാനിച്ചവരെ,
അപരിചിതരായി വന്നു ,സുഹൃത്തുക്കളായിമാറി , ഒടുവില്‍ ആരും അല്ലാതായി തീര്‍ന്നവരെ,
ഒരുനാള്‍ കണ്ണീര്‍ത്തുള്ളിയിലും മഴവില്ല് കാണാന്‍ പഠിപ്പിച്ചവരെ,
രക്തബന്ധത്തെക്കാള്‍ വിലയുള്ളവര്‍ ഉണ്ടെന്നു ഇപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നവരെ ,
കൂടപ്പിറപ്പുകള്‍ ആകാന്‍ കൂടെപിറക്കെണ്ടതില്ല എന്ന് പഠിപ്പിച്ചവരെ,
താരാട്ട് പാടിയിട്ടില്ലെങ്കിലും താതനായ്‌ തീര്‍ന്നവരെ,
സ്നേഹത്തിന്‍റെ തൂലികയാല്‍ സ്നേഹാക്ഷരങ്ങള്‍ കൊണ്ട് ഹൃദയത്തില്‍ തൊടുന്നവരെ,
എല്ലാവരെയും കൈക്കുമ്പിളില്‍ എടുത്തു ഹൃദയത്തോട് ചേര്‍ക്കുന്നു 


സൗഹൃദ ദിനാശംസകള്‍....!